കേഡര്‍, കാര്‍ട്ടല്‍, പാര്‍ട്ടി
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു യന്ത്രമാണെങ്കില്‍ കേഡര്‍ സംവിധാനം അതിന്‍റെ പല ഭാഗങ്ങളെയും കൂട്ടി നിര്‍ത്തുന്ന ആണിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തികര്‍ 'രാഷ്ട്രീയ നിലപാട് തീരുമാനിച്ചുകഴിഞ്ഞാല്‍, കേഡര്‍മാര്‍ നിര്‍ണായക ഘടകമാണ്. അതിനാല്‍, ആസൂത്രിതമായ രീതിയില്‍ പുതിയ കേഡര്‍മാരെ പരിശീലിപ്പിക്കുക എന്നത് നമ്മുടെ പോരാട്ട കടമയാണ്.'1എന്ന് പറയുന്നു.
ഒരു ജനകീയ പ്രസ്ഥാനമായ കമ്മ്യൂണിസത്തിന്‍റെ അനുഭാവികള്‍ മറ്റെല്ലാവരെയും പോലെ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നത് സ്വന്തമായ അനുഭവങ്ങളും, പാളിച്ചകളും, പ്രശ്നങ്ങളും, സ്വഭാവമുള്ളവരുമായിട്ടാണ്. ഫെര്ടിനാന്‍റ് ലസാലിന്‍റെ ആശയങ്ങളെ ഉള്‍കൊണ്ട ജര്‍മ്മന്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ എകീകരണത്തെക്കുറിച്ച് കാള്‍ മാര്‍ക്സ് എഴുതിയ ഗോഥ പ്രോഗ്രാമിന്‍റെ വിമര്‍ശനം എന്നറിയപ്പെടുന്ന കത്തില്‍, "ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം, സമൂഹം അടിച്ചമര്‍ത്തലില്‍ നിന്ന് മുക്തമല്ല, പക്ഷേ പുതിയ സമൂഹം പഴയതിന്‍റെ ജډചിഹ്നവുമായി ലോകത്തിലേക്ക് പ്രവേശിക്കുന്നു."2 എന്ന് പറയുന്നു. ലസാല്‍ മുന്നോട്ടു വച്ച സാര്‍വത്രിക വോട്ടവകാശം, നേരിട്ടുള്ള നിയമനിര്‍മ്മാണം, ജനകീയ അവകാശങ്ങള്‍, ഒരു ജനകീയ സായുധ സേന എന്നിവയെ തള്ളിക്കൊണ്ടും വ്യക്തിഗത അവകാശ സംരക്ഷണത്തെ തൊഴിലാളി വര്‍ഗത്തിന്‍റെ ഉയര്‍ച്ചക്കു വിഘാതം സൃഷ്ടിക്കുന്ന ഒന്നായും ചിത്രീകരിച്ചുകൊണ്ട് "ഓരോരുത്തരില്‍ നിന്നും അവന്‍റെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച്!"3 എന്ന കമ്മ്യൂണിസ്റ്റ് മുദ്രാവാക്യത്തിന്‍റെ ഉറവിടമായ ഗോഥ പ്രോഗ്രാമിന്‍റെ വിമര്‍ശനമാണ് പിന്നീട് ലോകമെമ്പാടും പിറവിയെടുത്ത പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും അടിത്തറയായ കേഡര്‍ സംവിധാനത്തിന്‍റെ ഉറവിടം.
സൈന്യത്തില്‍ കേഡര്‍ എന്നാല്‍ നിയന്ത്രണം ഏറ്റെടുക്കാനും മറ്റുള്ളവരെ പരിശീലിപ്പിക്കാനും കഴിവുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്മ്യൂണിസത്തിലേക്കെത്തുമ്പോള്‍ കേഡര്‍ എന്ന വാക്ക് പല മാനങ്ങളുള്ളതാണ്. വളരെ ലളിതമായി പറഞ്ഞാല്‍, നേതൃത്വപാടവമുള്ള അനുഭാവികളുടെ ഒരു കൂട്ടമാണ് കേഡര്‍. പല ജനകീയ കീഴ്സംഘടനകള്‍ ഉള്ള കമ്യൂണിസ്റ്റ്,സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിഘ്നങ്ങളില്ലാത്ത പ്രവര്ത്തനത്തിനു കേഡറുകള്‍ അത്യാവശ്യ ഘടകമാണ്. ഈ സംഘടനകള്‍ വ്യക്തയെക്കാളുപരി സംഘടിത ശക്തിക്കാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. പല സ്വഭാവങ്ങളും ചോദനകളുമുള്ള വ്യക്തികള്‍ സംഘടിക്കുമ്പോള്‍ ഉണ്ടാവുന്ന യോജിപ്പില്ലായ്മ വരാനിരിക്കുന്ന പ്രോളിട്ടെറിയന്‍ അധിനിവേശത്തിനു വിഘാതമാവുമെന്നു മാര്‍ക്സ് ഗോഥ പ്രോഗ്രാമിന്‍റ്െ വിമശനത്തില്‍ പറയുന്നു.4
സര്‍ഗ്ഗാശത്മകതയും, സഹാനുഭൂതിയും, വ്യക്തിഗത അച്ചടക്കവും കൈമുതലായ, വരുധ്യാത്മകവും യുക്തിസഹവുമായി കാര്യങ്ങളെ സമീപിക്കാന്‍ കഴിവുള്ള ഒരു സാമൂഹിക നിര്‍മ്മാതാവാണ് കേഡര്‍ എന്നാണു ചേ ഗുവേരയുടെ ക്യൂബന്‍ വിപ്ലവത്തിന് ശേഷമുള്ള പ്രസംഗത്തിന്‍റെ സംക്ഷിപ്ത വിവരണം.
ചെയുടെ പ്രസംഗത്തിനു മുന്‍പ് വാന്‍ഗാര്‍ഡ് എന്ന വാക്കിന്‍റെ അര്‍ഥം അറിയണം. സമരമുഖത്ത് നേതൃത്വം നല്‍കിക്കൊണ്ട് മുതലാളിത്തത്തെ അമര്‍ച്ച ചെയ്യാന്‍ കഴിവുള്ള ഒരെയോരാശയം കമ്മ്യൂണിസമാണെന്നും അത് വഴി മാത്രമാണ് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ മുന്നേറ്റമുണ്ടായി സോഷ്യലിസം സ്ഥാപിക്കപ്പെടുകയെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നു.5 മുന്നേറ്റ പാര്‍ട്ടി എന്നര്‍ത്ഥം വരുന്ന വാന്‍ഗാര്‍ഡിസം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ലെനിന്‍ ആണ്. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വിപ്ലവവും ആധിപത്യവും കൈവരണമെങ്കില്‍ അവര്‍ക്കിടയില്‍ നിന്നുള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വിപ്ലവ മുന്നണി പാര്‍ട്ടി രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നല്‍കണമെന്ന് ലെനിന്‍ പറഞ്ഞു.6
Referance
6. What Is To Be Done? (1902)